എന്റെ പ്രാന്തുകള് ഇത് വരെ...

കവിത : അഞ്ചു പെണ്ണുങ്ങള്‍ അഥവാ ഒരു കവി കൂടി.. കവിത എന്ന് പറയപ്പെടുന്നു...

നര്‍മ്മം : ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ പാക്കരണ്ണന്‍സ് ലൈഫ്.. ആക്ഷേപ ഹാസ്യം എന്ന് ഞാന്‍ വിളിക്കും...

Monday, October 12, 2009

അഞ്ചു പെണ്ണുങ്ങള്‍ അഥവാ ഒരു കവി കൂടി..

.അദ്ധ്യായം 1 : നാണം

നാണമായിരുന്നു..
നേര്‍ത്ത വികാരം തീര്‍ത്ത വിചാരം
കടുത്ത ചായക്കൂട്ടായ്‌..
വിഭ്രമം ചാലിച്ച് ചിത്രങ്ങളെഴുതി
വര്‍ണ്ണചിത്രങ്ങള്‍.., പക്ഷെ
കണ്ണുകളെവിടെ..?അദ്ധ്യായം 2 : സൌഹൃദം

ഇഷ്ടമായിരുന്നില്ല..
അറിഞ്ഞതെല്ലാം പറഞ്ഞത് മാത്രം
അറിഞ്ഞു നേരറിഞ്ഞപ്പോളാരെന്ന്..
അറിഞ്ഞും പറഞ്ഞും ആത്മാവറിഞ്ഞു..
ആത്മനിയന്ത്രണം ആചാരമാകുമ്പോള്‍
ആത്മബന്ധം മുറിച്ചെങ്ങോ പോയി..
അനുരാഗമായിരുന്നോ...?അദ്ധ്യായം 3 : സാഹോദര്യം

സ്നേഹമായിരുന്നു..
ചിണുങ്ങിയും പിണങ്ങിയും
കുണുങ്ങിയും ഇണങ്ങിയും..
അക്ഷരക്കൊഞ്ചലുകളാല്‍
സാഹോദര്യത്തിന്‍ പോരുളറിഞ്ഞു..
രക്തം രക്തത്തെ അറിയാത്ത കാലം
രക്തബന്ധമല്ലീയാത്മബന്ധം..
ഇതല്ലേ സ്നേഹം...?അദ്ധ്യായം 4 : കാമം

ആവേശമായിരുന്നു..
ഇന്നിന്‍റെ തീക്ഷ്ണമാം വീക്ഷണങ്ങള്‍
വരികളില്‍ നിറയും നിരീക്ഷണങ്ങള്‍..
നീ തന്നെ ഞാനെന്നറിഞ്ഞു..
വിരസകര്‍ണ്ണങ്ങളില്‍ തീ കോരിയിട്ടാ
സിരകളെ ചൂട് പിടിപ്പിച്ച നാള്‍..
അരുതാത്തതെന്തെന്നും അതിരുകളെന്തെന്നും
അറിയിച്ചു തന്നൊരാ പെണ്ണൊരാള്‍..?അദ്ധ്യായം 5 : മോഹം

സ്വപ്നമായിരുന്നു..
ഇരുളില്‍ തെളിയും കിനാക്കളില്‍
വര്‍ണ്ണങ്ങളായിരം വിതറിയോരാള്‍..
കഥകള്‍ പറഞ്ഞും വ്യഥകള്‍ പറഞ്ഞും
കദനം മറന്നു കണ്ണീരൊഴിഞ്ഞു..
തല്ലിത്തലോടിയെന്‍ തങ്കക്കിനാക്കളില്‍
തിങ്കളായ്‌ വന്നു തെളിച്ചമേകി..
അകലെയാണെങ്കിലും സങ്കല്‍പ്പച്ചിറകേറി
അരികത്തു വന്നൊരാ പുലരിയൊന്നില്‍..
കിരണങ്ങളേറ്റൊരാ പോള തിരുകുമ്പോള്‍
മുഖമില്ലാത്താമുഖം മാഞ്ഞു പോയി..
അതൊരു മോഹമോ സ്വപ്നമോ..?


അദ്ധ്യായം 6 : വീണ്ടും

തുടങ്ങുന്നു....

Saturday, October 10, 2009

ആന്‍ ഐഡിയ കാന്‍ ചേഞ്ച്‌ പാക്കരണ്ണന്‍സ് ലൈഫ്...

.


.


"യെന്റെ കുപ്ലങ്ങോട്ട് പഹവതീ... യെന്റെ 200 മൂട് ഡബ്ബറ് ..." പാക്കരണ്ണന്‍ ഗല്‍ഗദകണ്ഠനായി..
"അങ്ങനതും പോയി..."
"എന്നാലും ഒരാവശ്യത്തിനല്ലിയോ... കൊഴപ്പമില്ല..." പാക്കരണ്ണന്‍ സമാധാനപ്പെട്ടു..
"എന്തിനാ പക്കരണ്ണാ ഇതിപ്പോ വിറ്റത്..." പുരുഷൂന്റെ സംശയം..
"അത് പിന്നെ പുരുഷൂ., യെന്റെ മോന്‍ ഭാസു ഇപ്പ കോളേജില്‍ അല്ലിയോ... എന്തരോ ഒരു ആപ്പിള് ഫോണ്‍ ഒണ്ടെങ്കിലെ പഠിക്കാമ്പറ്റൂ എന്നാ ചെറുക്കന്‍ പറഞ്ഞേ.." പാക്കരണ്ണനു അഭിമാനം...
"എന്റെ പാക്കരണ്ണാ... ഈ ആപ്പിള്‍ ഫോണ്‍ എന്ന് പറഞ്ഞാ കമ്പൂട്ടര്‍ ഒക്കെ ഒള്ള കൂടിയ ഫോണ്‍... അത്രേയൊള്ള്..." പുരുഷൂന്റെ സാങ്കേതിക ജ്ഞാനം...
"നിങ്ങള് ഇത്ര മണ്ടനായിപ്പോയല്ല്... ആ ചെറുക്കന്‍ വെളഞ്ഞ വിത്താ... നിങ്ങളെ പറഞ്ഞു പറ്റിച്ചതല്ലിയോ..." പാക്കരണ്ണന്റെ ഉള്ളിലൊരു വെള്ളിടി..
"ഇത് സത്യം തന്നെ...? ഈ പുരുഷു ഒരസൂയക്കാരനാ... വിശ്വസിക്കാമ്പറ്റത്തില്ല.." പാക്കരണ്ണന്‍ ഓര്‍ത്തു... ആ ഓര്‍മ ഫ്ലാഷ് ബാക്കില്‍ എത്തി...

കുപ്ലിങ്ങോട്ട് കാരയ്ക്കാത്തൊടിയില്‍ ഭാസ്കരനെ എല്ലാവരും സ്നേഹത്തോടെ പാക്കരണ്ണാ എന്ന് വിളിക്കും... പെണ്ണുമ്പിള്ള പോലും.. (സ്നേഹം കൂടി താടക ആവുന്ന നേരം വേറെ ചിലത് വിളിക്കും... അത് പുറത്തു പറയാന്‍ കൊള്ളില്ല.... )
സുലോചനയാണ് മേല്‍പ്പറഞ്ഞ പെണ്ണുമ്പിള്ള..
സുലോചനയുടെ അപ്പന്‍ പേരിടാന്‍ മിടുക്കനാരുന്നു... ഒരു കണ്ണ് തെക്കോട്ടും ഒരു കണ്ണ് വടക്കോട്ടും ഉള്ളവള്‍ സുലോചന.... നാട്ടിലെ പ്രമുഖ കേഡിണി സുശീല... മ താ പൂ പദങ്ങള്‍ അനര്‍ഗള നിര്‍ഗളം പ്രവഹിപ്പിക്കാന്‍ കഴിവുള്ള സുഭാഷിണി.. മാസത്തില്‍ ഒന്നില്‍ കൂടുതല്‍ കുളിച്ചാല്‍ ലലദോഷം വരുന്ന സുഗന്തി... എല്ലാവര്‍ക്കും കൂടി ഒരു സഹോദരന്‍ - ഒരു മണവും ഗുണവും ഇല്ലാത്ത സുഗുണന്‍...!!

പെണ്ണുമ്പിള്ള തന്നെ സ്നേഹത്തോടെ പാക്കരണ്ണാ എന്ന് വിളിക്കുമ്പോ തിരിച്ചും എന്തെങ്കിലും വേണ്ടേ... 18 കൊമ്പനാനകള്‍ ഉണ്ടായിരുന്ന തറവാട്ടുകാരനല്ലേ... ( ഒരു കുഴിയാന പോലും ഉണ്ടായിരുന്നില്ല എന്നാണു സുലോചനയുടെ പക്ഷം)
അങ്ങനെ പാക്കരണ്ണന്‍ സുലോചന ചുരുക്കി "സുന" എന്നാക്കി...!!
മക്കളുടെ പേരിലും ഉണ്ട് ഈ വ്യത്യസ്തത.. മകന്‍ "ഭാസു".. ഭാസ്കരന്റെ ഭാ സുലോചനയുടെ സു.. മകള്‍ "സുഭ".. സുലോചനയുടെ സു ഭാസ്കരന്റെ ഭാ..!!

ഭാസുവിന്റെ കോളേജ് ജീവിതം തുടങ്ങിയപ്പോ തന്നെ പാക്കരണ്ണന്റെ അര ഏക്കര്‍ പോയി... പള്സറും നോക്കിയ N73 യും ഇല്ലാതെ ലവന്‍ കോളേജില്‍ പോവില്ലാന്ന് പറഞ്ഞാ പാക്കരണ്ണന്‍ എന്ത് ചെയ്യും... വിറ്റു അരയേക്കറ്..
അപ്പൊ സുഭ എന്താ മോശക്കാരിയോ.. പഠിച്ച കള്ളിയല്ലേ ലവളും...
"നിങ്ങക്ക് നിങ്ങടെ മോനോട് മാത്രേ സ്നേഹം ഒള്ളു.." ഇതും പറഞ്ഞു ലവള് മുറിയിലേക്ക് ഒറ്റ ഓട്ടം.. കുറ്റിയും ഇട്ടു...
സുനയുടെ തലയില്‍ പെട്ടെന്ന് എന്തൊക്കെയോ മിന്നി മറഞ്ഞു...
"എന്റെ കുപ്പ്ലങ്ങോട്ട് ഭഗവതീ... അവള് സ്ത്രീ ഒരു കണ്ണീര്‍ക്കുടത്തിലെ മാര്‍ക്രട്ടിനെ പോലെ സോയം ആല്‍മഹത്യ ചെയ്യാങ്കേറിയതാ..." സുന അലറി..
"സുഭ മോളെ.. നിനക്ക് എന്തരു വേണേലും ഈ അപ്പന്‍ വാങ്ങിച്ചു തരാടീ.. കതോ തൊറക്ക്..." പാക്കരണ്ണനും അലറി..
അങ്ങനെ അവളും ഒപ്പിച്ചു ഒരു N72..!!
"ഇതൊക്കെ വാങ്ങിച്ചു തന്നയെന്തിനാന്നു അറിയാമോ... എന്റെ മോള് പരൂഷ പഷ്‌ക്ലാസ്സില്‍ പാസാവണം... മോളെ ഞാന്‍ ഡോട്ടറാക്കും ഇഞ്ചിനീറാക്കും.." പാക്കരണ്ണന്റെ ആഗ്രഹങ്ങള്‍..
"അപ്പന്‍ ബടക്കന്‍ ബീരാകാധ കണ്ടല്ലേ..." ഡയലോഗ് അടിച്ചു മാറ്റിയ വിവരം സുഭ അറിഞ്ഞു... പാക്കരണ്ണന്‍ ചമ്മ്രവദനനായി...

പരിഷ്കാരം വന്നപ്പോ സുഭയുടെ പഞ്ചാരയടിക്ക് ടൈം ടേബിളും വക്കേണ്ടി വന്നു... രാവിലെ 6നു ഷിബു പി എസ്സില്‍ തുടങ്ങി രാത്രി 12 നു ബിജുമോന്‍ വരെ... ബിസി ഷെഡ്യൂള്‍...
ഭാസുവിനാണെങ്കില്‍ ഡ്യൂട്ടി തീരാന്‍ 2 മണി ആവും.. കാരണം 12 കഴിഞ്ഞു വിളിക്കുന്ന ചില അക്കന്മാരുണ്ട്... അതും കൂടി മാനേജ് ചെയ്യാതെ ഉറങ്ങാന്‍ പറ്റില്ലല്ലോ...

ഫോണ്‍ ബില്‍ അടച്ചും പെട്രോള്‍ അടിച്ചും പോക്കറ്റ്‌ മണി കൊടുത്തും പാക്കരണ്ണന്റെ ഒരേക്കര്‍ കൂടി പണ്ടാരടങ്ങി...!!
ഇനിയൊള്ള അരയേക്കറും വീടും പണയത്തിലാ... ഭൂപണയ ബാങ്കില്‍...!!

"അണ്ണാ.. അണ്ണാ.." പുരുഷുവിന്റെ വിളി കേട്ട് പാക്കരണ്ണന്‍ ഫ്ലാഷ് ബാക്കില്‍ നിന്ന് ഉണര്‍ന്നു..
"പുരുഷു സത്യം പറ.. നിങ്ങള് പറഞ്ഞതൊക്കെ സത്യം തന്നെ... ? " പാക്കരണ്ണനു മക്കളെ അവിശ്വസിക്കാന്‍ കഴിയുന്നില്ല...
"ഞാനെന്തിനാ പാക്കരണ്ണാ നിങ്ങളോട് നൊണ പറയണേ... " പുരുഷു വ്യക്തമാക്കി..
"ഹോ.. ഇത്രേം ഭയങ്കരനായ ഒരു മകന് ഇങ്ങനെ മണകൊണാന്ജനായ ഒരു തന്ത ജനിച്ചല്ലോ.." പാക്കരണ്ണന്‍ മനസ്സിലോര്‍ത്തു.. അങ്ങനെ ഓര്‍ത്തോര്‍ത്തു നടന്നു വീട്ടിലെത്തി..
"നിങ്ങടെ തോര്‍ത്തെവിടെ മനുഷ്യാ.." സുനയുടെ ശബ്ദം
"ഓ.. മറ്റെതോര്‍ത്തു നടന്നു തോര്‍ത്തു പോയതറിഞ്ഞില്ല..." പാക്കരണ്ണന്‍ നിര്‍നിമേഷനായി..
"ഇന്നാ.. നിങ്ങക്കൊരു എഴുത്തുണ്ട്... "

ജപ്തിക്ക് മുമ്പുള്ള അവസാന അറിയിപ്പ്‌...!!
ഭൂമി കറങ്ങുന്നുണ്ടെന്നു കേട്ടത് നേരാണെന്ന് പാക്കരണ്ണനു തോന്നി തുടങ്ങി...
"എന്താടീ ഇന്ന് ഉച്ചക്ക് തന്നെ നേരം ഇരുട്ടുവാണോ.. ? "

"അണ്ണാ... പാക്കരണ്ണാ... "
"ഇതെന്തുവാ രാവിലെ മഴ പെയ്യുന്നോ... " പാക്കരണ്ണന്‍ കണ്ണ് തിരുമ്മി..
"എന്തുവാ അണ്ണാ.. നിങ്ങക്കെന്തുവാ..." സുനയുടെ ചോദ്യം കേട്ടപ്പോ പാക്കരണ്ണനു കാര്യങ്ങള്‍ ബോധ്യായി... ഒന്ന് ബോധം പോയതാ... !!
പാക്കരണ്ണന്‍ എണീറ്റ്‌ ചിന്താമഗ്നനായി നടന്നു.. ഇരുന്നു.. കിടന്നു.. പിന്നെ എണീറ്റു.. മുറിയാകെ ഉലാത്തി.. ബോറടിച്ചപ്പോ പറമ്പില്‍ ഇറങ്ങി ഉലാത്തി... ആകെയുള്ള 10 മൂട് തെങ്ങിന്റെ ഇടയിലൂടെ ഉലാത്തി...
"മോന്റെ കൊനിഷ്ടു പുത്തി ഒരിമ്മിണി കിട്ടിയിരുന്നെങ്കില്‍.." ആ അച്ഛന്‍ ആഗ്രഹിച്ചു... ഒരു നിമിഷം ആ അച്ഛന്‍ പെരുന്തച്ചനായി... ലവനെക്കാള്‍ വല്യ തരികിട ഞാന്‍ എന്നെങ്കിലും കാണിക്കും... ഇത്യാദി ചിന്തകളോടെ പാക്കരണ്ണന്‍ അന്ന് തള്ളി നീക്കി.. രാത്രി കുപ്പ്ലങ്ങോട്ട് ഭഗവതിയെ ഉള്ളുരുകി പ്രാര്‍ത്ഥിച്ചു... "ഒരു ഐഡിയ തന്നു രക്ഷിക്കണേ... "
മൂന്നാം ദിനം പാക്കരണ്ണന്‍ ഉയിര്‍ത്തെഴുന്നേറ്റു... വര്‍ദ്ധിത വീര്യത്തോടെ...
അതേ.. കുപ്പ്ലങ്ങോട്ട് ഭഗവതി പാക്കരണ്ണനു "ഐഡിയ" കൊടുത്തു... ഒരു ഇടിവെട്ട് "ഐഡിയ"..!!


"എടീ.. നീ ഇങ്ങോട്ടൊന്നു വന്നേ.." പറമ്പില്‍ ഒരു തെങ്ങുമ്മൂട്ടില്‍ നിന്ന് പാക്കരണ്ണന്‍..
"എന്തരണ്ണാ രാവിലെ.." മുറ്റത്തു മത്തി കഴുകി ഇരുന്ന സുന..
"നീയാ തെങ്ങേലോട്ടു നോക്ക്‌.."
സുന തന്റെ തെക്ക് വടക്ക് ലോചനങ്ങളാല്‍ തെങ്ങേല്‍ നോക്കി.. "എന്തരണ്ണാ... ഈ തെങ്ങിനും മണ്ടരി വാതകള് തന്നെ...? "
"അതല്ലെടീ എരുമച്ചീ.... നീ ദോണ്ടേ ഒരു കറുത്ത പാട് കണ്ടാ.. ? "
"കണ്ട്.. കണ്ട്... കരിമ്പായല്.."
"ഹോ.. അതല്ലെടീ.. അയിന്റെ രൂപം കണ്ടാ.. സൂഷിച്ചു നോക്ക്‌..."
"നിങ്ങലെന്തരണ്ണാ പറയണേ... തെളിച്ചു പറയീന്‍.."
"മനസ്സിലായില്ലേ... എങ്കി നീ ആ പിച്ചാത്തി ഇങ്ങെട്..
പാക്കരണ്ണന്‍ പിച്ചാത്തിയുമായി തെങ്ങില്‍ കയറി.. സുനയ്ക്കൊന്നും മനസ്സിലായില്ല... കരിമ്പായലിനടുത്തെത്തിയ പാക്കരണ്ണന്‍ അവിടെ എന്തോ ചുരണ്ടാലും മാന്തലും... പാക്കരണ്ണനിലെ കലാകാരന്‍ ഉണര്‍ന്നിരിക്കുന്നു...
സുനയ്ക്ക് എന്തൊക്കെയോ കത്തിത്തുടങ്ങി.. "പാക്കരണ്ണന്‍ മിടുക്കനാണല്ല്.. അതൊരു മനുഷന്റെ രൂപം പോലെ തോന്നണു ഇപ്പ..."
പാക്കരണ്ണന്റെ മുഖത്ത്‌ ഗൂഡമായ ഒരു മന്ദഹാസം വിടര്‍ന്നു.. "എന്റെ മിടുക്ക് നീ കാണാന്‍ പോണേ ഒള്ളു സുനേ..." പാക്കരണ്ണന്‍ താഴെയെത്തി..
ഇനിയും പൂര്‍ണ്ണമായും കത്താത്ത സുന പാക്കരണ്ണന്റെ അടുത്ത ഡയലോഗിനായി കാത്തു കൂര്‍പ്പിച്ചു...

"കുപ്ലങ്ങാട്ട് പഹവതി നമ്മടെ തെങ്ങേല്‍ അവതരിച്ചു..!!! "
"ഈ മനുഷേനെന്താ പ്രാന്ത് പിടിച്ചാ.. ദൈവദോഷം പറയരുത്..."
"എടീ... നാട് നെറയെ നമ്മളെപ്പോലൊള്ള പോങ്ങന്മാരായോണ്ടല്ലേ മുക്ക് തോറും അമ്പലോം പള്ളീം ആള്ദൈവോം കണിയാന്മാരും നെറയുന്നേ... അവരുക്കെങ്ങും ഒരു ദൈവദോഷോം കിട്ടുന്നില്ലല്ല്..."
"നിങ്ങളെന്തോക്കെയാ മനുഷാ പറയുന്നേ..." സുന ഭയത്തോടെ നോക്കി...
"എവളോട്‌ ആലോയിക്കാമ്പോയത് വെനയായോ.." പാക്കരണ്ണന്‍ ആലോചിച്ചു..
പെട്ടെന്ന് പാക്കരണ്ണനിലെ പുത്തിമാന്‍ ഉണര്‍ന്നു.. വീണ്ടും "ഐഡിയ..."
"എടീ.. എങ്കി ഞാനൊരു സത്യമ്പറയാം... ഇന്നലെ രാത്രി കുപ്ലങ്ങോട്ട് ഫഗവതി സ്വപ്നത്തി വന്നു എന്റടുത്ത് പറഞ്ഞ് .. മോനെ, നെന്റെ പറമ്പി ഞാന്‍ അവതരിക്കും... നീയും ഫാര്യയും എനിക്കൊരു ഇരിപ്പടം ഒണ്ടാക്കിത്തരണം എന്ന്..."
"എന്റെ പഹവതീ.." സുന നീട്ടി വിളിച്ചു..
"എടീ.. ഇനി ഞാമ്പറയണ പോലെ നീയങ്ങു ചെയ്താ മതി.. ഇന്ന് വയ്യുന്നേരം ഞാനീ തെങ്ങിന്റെ ചുറ്റും കെടന്നു തുള്ളും.. അപ്പഴേക്ക് നീ എങ്ങനേം ആളെ കൂട്ടണം..."

"യീ യാാാാാാ ... മക്കളേ.. മക്കളേ.. നിങ്ങളെ കാണാനാണ് ഞാന്‍ വന്നത്..." പാക്കരണ്ണന്‍ തെങ്ങിന്റെ മൂട്ടില്‍ തുള്ളല്‍ തുടങ്ങിക്കഴിഞ്ഞു...
"അയ്യോ.. ഓടി വരണേ.. എന്റണ്ണണ് വാധ കൂടിയേ..." സുന അലറി... പ്രതീക്ഷിച്ച പോലെ നാട്ടാര് ഓടിക്കൂടി..
"എന്നാലും പാക്കരണ്ണനു ഈ ഗതി വന്നല്ല്.." നാട്ടാര് പരസ്പരം പറഞ്ഞു..
"പ്ലാന്‍" പോലെ തെങ്ങിലേക്ക് നോക്കി സുന വിളിച്ചു... "അമ്മേ...." വീണ്ടും വിളിച്ചു കൊണ്ട് സുന തെങ്ങുംതടത്തിലേക്കു കമഴ്ന്നടിച്ചു വീണു...
മാടമ്പാറേലെ ശാന്തെം കണ്ട് ഒരു രൂപം തെങ്ങില്‍... ശാന്തെം തെങ്ങുംതടത്തിലേക്കു കമഴ്ന്നടിച്ചു വീണു...
കണ്ടവര്‍ കണ്ടവര്‍ സ്ഥലം അഡ്ജസ്റ്റ് ചെയ്ത് തെങ്ങുംതടത്തിലേക്കു കമഴ്ന്നടിച്ചു വീണു...
കേട്ടവര്‍ കേട്ടവര്‍ ഒഴുകിയെത്തി... നാട്ടിലെങ്ങും പാട്ടായി... റേഡിയോ 42.5 മാക്കാണംകുഴി മാധവി... പാട്ടാക്കിയതില്‍ മെയിന്‍ ആള്...
"കുപ്ലങ്ങാട്ട് ഫാഗവതി പാക്കരണ്ണന്റെ തെങ്ങേല്‍ അവതരിച്ചു..!!!

നാട്ടിലെ മെയിന്‍ യുക്തിവാദി പി കേ ആര്‍ പുന്നത്തടി അടിയന്തിര യോഗം വിളിച്ചു കൂട്ടി... "ഇത്തരം അന്ധവിശ്വാസങ്ങള്‍ വച്ച് പൊറുപ്പിക്കാന്‍ പാടില്ല... ഇതിനൊരു പരിഹാരം ഉണ്ടാക്കണം.. യോഗം പിരിച്ചു വിട്ടിരിക്കുന്നു..."
അപ്പോഴേക്കും പാക്കരണ്ണന്റെ തെങ്ങിന് ചുറ്റും പട്ടു കൊണ്ട് വേലി കെട്ടിയിരുന്നു... വിളക്കും ചന്ദനത്തിരിയും വച്ചു... പൂജാരിയായി നാട്ടാര് ഐക്യകണ്ഠേന പാക്കരണ്ണനെ തെരഞ്ഞെടുത്തു...

"നിങ്ങള്‍ കുപ്ലങ്ങോട്ട് ഭഗവതിയുടെ യദാര്‍ത്ഥ വിശ്വാസി ആണെങ്കില്‍ ഇങ്ങനെ പോകുമോ..?
തെങ്ങിലും പ്ലാവിലും അല്ല ദൈവം... നിങ്ങടെ ഉള്ളിലാണ്... പ്രവര്‍ത്തിയാണ് ദൈവം..." പി കേ ആര്‍ പുന്നത്തടി കവലയില്‍ പ്രസംഗിച്ചു കൊണ്ടേയിരുന്നു... ആര് കേള്‍ക്കാന്‍... നാട്ടാര് ഫുള്‍ പാക്കരണ്ണന്റെ തെങ്ങുംമൂട്ടിലേക്ക് ഒഴുകിക്കൊണ്ടിരുന്നു..
നാട്ടാര് പേരും ഇട്ടു... കൊച്ചുകുപ്ലങ്ങോട്ട് ഭഗവതി...!!
രണ്ടാമത്തെ നേര്‍ച്ചകുടവും നിറഞ്ഞതോടെ പാക്കരണ്ണന്‍ വല്യ വഞ്ചിപ്പെട്ടി കിട്ടുന്ന കടേലേക്ക് ആളെ വിട്ടു...

ആളൊഴിഞ്ഞ രാത്രി പാക്കരണ്ണന്‍ സുനയോട് ചോദിച്ചു... "എങ്ങനെ ഒണ്ടെന്റെ പുത്തി...? "
"An idea can change your life.."
എവിടുന്നോ ഒരശരീരി...
ഓ.. സോറി.. അത് ടീവീന്നാ... ഒരു ചെറിയ ഇടവേള ആരുന്നു... എ ഷോര്‍ട്ട് ബ്രേക്ക്‌ ...!!

.

ഒരു വര്‍ഷത്തിനു ശേഷം...

"ഇതേതാ മോനെ ഈ ടൌണ്‍.." വല്യപണയ്ക്കല്‍ കുട്ടന്‍ നായര് കൊണ്ടാസ്സേല്‍ ഇരുന്നു കൊച്ചു മോനോട് ചോദിച്ചു...
"നമ്മള് കൊച്ചുകുപ്ലങ്ങോട്ട് എത്തി അപ്പൂപ്പാ..."
"ഓ.. ഇവിടെ ഇത്രേം വല്യ സ്ഥലമായോ...? ഹോ... പണ്ട് ഒരു സൈക്കിള്‍ പോലും വരത്തില്ലാരുന്നു.."
"എല്ലാരും വാ.. ദാ ഈ കടേന്നു നമ്മക്ക് വല്ലതും കഴിച്ചിട്ട് തൊഴുവാന്‍ കേറാം... ദോണ്ടേ ഹോട്ടല്‍ പുരുഷു... അവിടെ നല്ല ദോശ കിട്ടും..." കുട്ടന്‍ നായരുടെ മോന്‍ കാര്‍ ഒതുക്കി പുറത്തിറങ്ങി..

"ഇവിടെ കൊറച്ചു ചമ്മന്തി....
അല്ല ചേട്ടാ... അവിടെ എന്താ ഒരു കെട്ടിടം വരുന്നേ..? "
"അത് ഈ അമ്പലത്തിന്റെ ഓണര്‍ ഇല്ലേ ഭാസ്കര സ്വാമി... അവര് വയ്ക്കുന്നതാ... എന്റെ പഴേ ചങ്ങാതിയാ... എന്റെ പേര് പുരുഷു..."

"എന്താ പുന്നത്തടി സാറേ ഈ വഴിയ്ക്കൊക്കെ... ? നിങ്ങടെ സംഘത്തില്‍ ഒള്ള എല്ലാരും ഇപ്പ ഇവിടൊക്കെ ഒണ്ടല്ല്... പണിയില്ലാതെ നടന്ന എല്ലാരും രക്ഷപെട്ട് ... നാടും വികസിച്ചു... സാര്‍ ഇപ്പഴും യുക്തിവാദി സംഘം എന്ന് പറഞ്ഞു നടക്കുവാണോ... ? " പി കേ ആര്‍ പുന്നത്തടി ഒന്നും പറഞ്ഞില്ല... അദ്ദേഹം ഹോട്ടല്‍ പുരുഷുവില്‍ നിന്നിറങ്ങി നേരെ നടന്നു വീട്ടിലേക്കു...
അടുത്ത ദിവസം രാവിലെ പി കേ ആര്‍ പുന്നത്തടിയുടെ കതകില്‍ ഒരു ബോര്‍ഡ്‌ പ്രത്യക്ഷപ്പെട്ടു...
"കൊച്ചുകുപ്ലങ്ങോട്ട് ഭഗവതി ഈ വീടിന്റെ ഐശ്വര്യം.."


.

P.S. ഇതിലെ കഥയും കഥാപാത്രങ്ങളും സാങ്കല്‍പ്പികം ആകുന്നു... ആരുമായും ബന്ധമില്ല... വിശ്വാസികളേ.. ദയവായി ഇതൊരു നര്‍മ്മ സൃഷ്ടി ആയി മാത്രം കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു...


.